ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറും; പ്രഖ്യാപനം ഇന്ന് നിയമസഭയിൽ, ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: അശാസ്‌ത്രീയമെന്നു പരക്കെ വിമര്‍ശിക്കപ്പെട്ട ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നു. എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ആഴ്‌ചയില്‍ ആറു ദിവസം തുറന്നുകൊടുക്കാനും വാരാന്ത്യ ലോക്ക്‌ഡൗണ്‍ ഞായറാഴ്‌ച മാത്രമായി ചുരുക്കാനുമാണു നീക്കം. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രഖ്യാപിക്കും.
കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്‌ഥാനത്തില്‍ തദ്ദേശഭരണ സ്‌ഥാപനമാകെ അടച്ചിടുന്ന പതിവും മാറ്റുമെന്നാണു സൂചന. ഒരാഴ്‌ചയ്‌ക്കിടയിലെ രോഗികളുടെ എണ്ണം കണക്കാക്കി മേഖല തിരിച്ചാകും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. ആയിരം പേരില്‍ എത്ര പേര്‍ പോസീറ്റീവ് എന്നു നോക്കിയാകും ഓരോ പ്രദേശത്തേയും കോവിഡ് വ്യാപനം പരിശോധിക്കുക.
കോവിഡ് രോഗികള്‍ കൂടുതലുള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മറ്റു പ്രദേശങ്ങളില്‍ വിപുലമായ ഇളവുകള്‍ നല്‍കും. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനു പകരം ഓരോ പ്രദേശത്തെയും പോസിറ്റീവ് കേസുകളുടെ എണ്ണമാകും ഇനി മാനദണ്ഡമാക്കുക. അതോടെ ഏതെങ്കിലും തദ്ദേശ സ്‌ഥാപനത്തിലെയാകെ കോവിഡ് ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് നോക്കുന്നത് ഒഴിവാകും.
ഓരോ വാര്‍ഡും പരിശോധിച്ച് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവ മാത്രം അടച്ചിടും. നിലവിലെ മാനദണ്ഡമനുസരിച്ച് സംസ്‌ഥാനത്തെ പകുതിയിലേറെ തദ്ദേശ സ്‌ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. അടച്ചുപൂട്ടലിനു ബദലുണ്ടാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി വിദഗ്‌ധരുമായി നടത്തിയ ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ ഇന്നലെ അവലോകനയോഗം പരിശോധിച്ചു.
കൂടുതല്‍ കോവിഡ് കേസുകളുള്ള സ്‌ഥലങ്ങള്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണാക്കാനാണ് ഉദ്ദേശിക്കുന്നത്.
രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമായ ടി.പി.ആര്‍, അടച്ചുപൂട്ടാനുള്ള കണക്കായി പരിഗണിക്കരുതെന്നു വിദഗ്‌ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓണത്തിനു മുന്നോടിയായി വ്യാപാരസ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടായേക്കാമെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്.