ലോക്ക്ഡൗണില്‍ ‘ഷോക്കടിക്കേണ്ട’! വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി


തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്ലില്‍ ഇളവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി വരുന്ന തുക അടയ്ക്കാന്‍ 3 പലിശ രഹിത തവണകള്‍ അനുവദിക്കും. പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനും തീരുമാനമായി.

നേരത്തെ 20 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു സൗജന്യം നല്‍കിയിരുന്നത്. പ്രതിമാസം 50 യൂണിറ്റ് ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ടട് ലോഡ് വ്യത്യാസമില്ലാതെ ഇളവ് നല്‍കാനും തീരുമാനിച്ചു. നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.