ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; കോഴിക്കോട് ജില്ല ശാന്തം


 

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഒമ്പതുവരെ ഏര്‍പ്പെടുത്തിയത്. അവശ്യ സര്‍വീസുകളൊഴികെ മറ്റൊന്നും അനുവദിക്കുന്നില്ല. നഗര ഗ്രാമ മേഖലകളില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്താനായി പൊലീസ് പരിശോധന കര്‍ശനമാക്കി.

അത്യാവശ്യമില്ലാതെ പുറത്തിറങ്ങിയവരെ പൊലീസ് പലയിടത്തും മടക്കിയയച്ചു. മുഴുവന്‍ ഭാഗങ്ങളിലും രാവിലെ മുതല്‍ പൊലീസ് പരിശോധനയുണ്ടായിരുന്നു. ദേശീയ, സംസ്ഥാന, ജില്ലാ പാതകളില്‍ പിക്കറ്റുകള്‍ സ്ഥാപിച്ച് വാഹന പരിശോധന നടത്തി. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും തടയാന്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരും രംഗത്തിറങ്ങി.

മാസ്‌ക് ധരിക്കാതിരിക്കല്‍, കൂട്ടം കൂടല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. നഗരത്തില്‍ മാളുകള്‍, വലിയ സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് തുടങ്ങിയവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ സമയം പുലര്‍ച്ചെ മുതല്‍ പകല്‍ മൂന്ന് വരെയാക്കി. ദിവസം പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10 ആക്കി. തൊഴിലാളികള്‍ക്ക് പരിശോധന, സ്‌ക്രീനിങ് എന്നിവ നടപ്പാക്കുന്നു.

ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. രാത്രി ഒമ്പതിനകം എല്ലാ കടകളും അടയ്ക്കണം. പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളില്‍ നിയന്ത്രണം ലംഘിക്കുന്നുണ്ടോയെന്ന് സെക്ടറല്‍ മജിസിട്രേട്ടുമാര്‍ പരിശോധിക്കും. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നമ്മുടെ കോഴിക്കോട് ആപ്പിലൂടെ ജില്ലാ ഭരണകേന്ദ്രത്തെ അറിയിക്കാം.