റോഡ് വികസനത്തിന് റെയില്‍വേ അനുമതിയില്ല, ദുരിതത്തോടെ പ്രദേശവാസികള്‍


കൊയിലാണ്ടി : റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി നില്‍ക്കുന്ന റോഡുകള്‍ പൂര്‍ണ്ണമായി ടാര്‍ ചെയ്തു വികസിപ്പിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. റോഡ് നിര്‍മ്മാണത്തിന് റെയില്‍വേയാണ് അനുമതി നല്‍കേണ്ടത്. റോഡ് വികസനത്തിന് സാങ്കേതികാനുമതി നല്‍കാന്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണ് റെയില്‍വേ. റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ തെന്നി വീഴുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്കുളള എളുപ്പമാര്‍ഗ്ഗങ്ങളാണ് റെയില്‍വേയുടെ നയം കാരണം വികസനമറ്റ് കിടക്കുന്നത്.

മേല്‍പ്പാലത്തിനടിയിലും സമാന രീതിയിലുളള തടസ്സം നിലനില്‍ക്കുന്നുണ്ട്. റെയില്‍വേ മേല്‍പ്പാലത്തിനടിയിലൂടെ റോഡ് നിര്‍മ്മിച്ചാല്‍ ഒട്ടെറെ വാഹനങ്ങള്‍ക്ക് നഗരത്തിലെ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് മാറി പോകാന്‍ കഴിയും. ഇപ്പോള്‍ കുണ്ടും കുഴിയുമായി കിടക്കുകയാണ് പാലത്തിന്റെ അടിഭാഗം.ആര്‍.ബി.ഡി.സിയില്‍ നിന്ന് വിട്ടു കിട്ടിയാല്‍ മാത്രമേ മേല്‍പ്പാലത്തിനടിയില്‍ റോഡ് ടാര്‍ ചെയ്യാന്‍ കഴിയുകയുളളു. ഇക്കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ട് നഗരസഭ നിരവധി തവണ ആര്‍.ബി.ഡി.സിയെ സമീപിച്ചിട്ടുണ്ട്. ആര്‍.ബി.ഡി.സി അനുമതി നല്‍കിയാല്‍ മാത്രമേ ഇവിടെ റോഡ് നിര്‍മ്മിക്കാന്‍ നഗരസഭയ്ക്ക് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്താന്‍ കഴിയുകയുളളു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയാണെങ്കില്‍ തടസ്സങ്ങള്‍ വേഗം നീക്കാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.