റോഡിന് സ്ഥലം കൊടുത്തവർക്ക് വീട് നിർമ്മിക്കാൻ പറ്റുന്നില്ല; തടസ്സം കെട്ടിട നിർമ്മാണച്ചട്ടം
കൊയിലാണ്ടി: വെങ്ങളം അഴിയൂര്‍ ദേശീയ പാത വികസനത്തിന് സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിന് കൊയിലാണ്ടി നഗരസഭയിലെ കെട്ടിട നിര്‍മ്മാണ ചട്ടം വിലങ്ങു തടിയാവുന്നു. പുതുതായി നിര്‍മ്മിക്കുന്ന പാതയില്‍ നിന്ന് അഞ്ചര മീറ്റര്‍ വിട്ട് മാത്രമേ വീട് നിര്‍മ്മിക്കാവുവെന്ന വ്യവസ്ഥയാണ് പ്രദേശവാസികള്‍ക്ക് വിനയാവുന്നത്.
2033 മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് റോഡില്‍ നിന്ന് അഞ്ചര മീറ്റര്‍ വിട്ട് മാത്രമേ വീടുകള്‍ നിര്‍മ്മിക്കാവുവെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സ്ഥലം വിട്ട് നല്‍കുന്നതിന് ജനപ്രതിനിധികളും ബൈപ്പാസ് വിരുദ്ധ കര്‍മ്മസമിതി ഭാരവാഹികളോടും ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുളള ഉദ്യോഗസ്ഥര്‍ പറഞ്ഞത് പാതയില്‍ നിന്ന് മൂന്ന് മീറ്റര്‍ വിട്ട് വീട് നിര്‍മ്മിക്കാമെന്നായിരുന്നുവെന്ന് കൊല്ലം കുന്ന്യോറമലയ്ക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറന്‍ വീട്ടില്‍ മാധവ സ്മൃതിയില്‍ ടി.എം.രവീന്ദ്രന്‍ പറഞ്ഞു.
വീട് നിര്‍മ്മാണത്തിന് സ്‌കെച്ചും പ്ലാനുമായി പെര്‍മ്മിറ്റിന് വേണ്ടി നഗരസഭയില്‍ ചെന്നപ്പോഴാണ് അഞ്ചര മീറ്റര്‍ വിടണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ നിര്‍ബന്ധം പിടിച്ചാല്‍ റോഡിനായി വിട്ടു നല്‍കിയതിന് ശേഷം, അവശേഷിക്കുന്ന സ്ഥലത്ത് യാതോരുവിധ നിര്‍മ്മാണ പ്രവൃത്തിയും നടത്താന്‍ കഴിയില്ല. സ്ഥലം വിട്ടു നല്‍കിയ വകയില്‍ ലഭിക്കുന്ന നഷ്ടപരിഹാര തുക ഉപയോഗിച്ച് പുതിയ സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാനും കഴിയില്ല. ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തു നിന്ന് ഒന്‍പത് സെന്റ് സ്ഥലമാണ് റോഡ് നിര്‍മ്മാണത്തിനായി വിട്ടു നല്‍കിയതെന്ന് ടി.എം.രവീന്ദ്രന്‍ പറഞ്ഞു. ബാക്കിയുളളത് ആറ് സെന്റ് സ്ഥലമാണ്. ഇതില്‍ നിന്ന് അഞ്ചര മീറ്റര്‍ വീണ്ടും വിടണമെന്ന് പറഞ്ഞാല്‍ ഒരു കൊച്ച് വീട് പോലും നിര്‍മ്മിക്കാന്‍ കഴിയില്ല. അതിനാല്‍ അഞ്ചര മീറ്റര്‍ എന്നത് മൂന്ന് മീറ്ററായി കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഉത്തരവിടണമെന്നാണ് ജനകീയ ആവശ്യം.
ഇക്കാര്യം കെ.ദാസന്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൂന്ന് മീറ്റര്‍ വിട്ടാല്‍ മതിയെന്ന മറുപടിയാണ് ലഭിച്ചതെന്ന് ടി.എം.രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം രേഖാമൂലം നഗരസഭാധികൃതരെ അറിയിച്ചാല്‍ മാത്രമേ അവര്‍ ബില്‍ഡിംങ്ങ് പെര്‍മ്മിറ്റ് നല്‍കുകയുളളു. വെങ്ങളം അഴിയൂര്‍ റീച്ചില്‍ നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.
വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവും. വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കി കൊണ്ടു പോകാന്‍ സ്ഥലമുടമകള്‍ക്ക് അനുമതിയുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിലേക്കായി നഷ്ടപരിഹാര തുകയുടെ ആറ് ശതമാനം കക്ഷികളില്‍ നിന്ന് ദേശീയപാതാധികൃതര്‍ ഈടാക്കുന്നുമുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിനായി 514 വീടുകള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് കണക്ക്.