റെയില്‍ ട്രാക്കില്‍ അവശനിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ രക്ഷപ്പെടുത്തിയത് ഒരു സംഘം യുവാക്കള്‍; കരുണയുടെ മുഖമായത് പയ്യോളിയിലെ യുവാക്കള്‍


പയ്യോളി: അവശനായതിനെ തുടര്‍ന്നു റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞ് വീണയാള്‍ക്ക് രക്ഷകരായത് ഒരു സംഘം യുവാക്കള്‍. യുവാക്കള്‍ രക്ഷപ്പെടുത്തിയതിന് ശേഷം മധ്യവയസ്‌കന് യുവാക്കള്‍ വെള്ളവും ഭക്ഷണവും നല്‍കി പരിപാലിച്ചു. ശേഷം പോലീസെത്തി ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അയനിക്കാട് പെട്രോള്‍ പമ്പിന് നേര്‍ പടിഞ്ഞാറ് റെയില്‍വേ ട്രാക്കിലാണ് അവശനിലയില്‍ മധ്യവയസ്‌കനെ കാണപ്പെട്ടത്. രാമനാട്ടുകര സ്വദേശി ഇബ്രാഹിമാണ് അവശനായി വീണത്.

തീരെ അവശനിലയിലായിരുന്നപ്പോള്‍ യുവാക്കള്‍ ഓടിയെത്തി റെയില്‍വേ ട്രാക്കിന് പുറത്തേക്ക് മാറ്റുകയായിരുന്നു. അര്‍ദ്ധ അബോധാവസ്ഥയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ യുവാക്കള്‍ തന്നെ പോലീസില്‍ വിളിച്ചറിയിച്ചു. പയ്യോളി എസ്‌ഐ എന്‍.കെ. ബാബു, സ്റ്റേഷന്‍ പിആര്‍ഒ എഎസ്‌ഐ പി. ശ്രീജിത്ത് എന്നിവരോട് പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം അവശത അനുഭവപ്പെടുകയും തുടര്‍ന്നു നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയുമായിരുന്നുവെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.

മധ്യവയസ്‌കന്റെ ജീവന്‍ രക്ഷപ്പെടുത്തിയ സമീപവാസികളായ എസ്.കെ.അര്‍ഷാദ്, കെ.പി.മുഹമ്മദ്, കെ.പി. അര്‍ഷാദ്, കെ.പി.സിറാജ്, ഉണ്ണി, രവി എന്നിവര്‍ സ്വരൂപിച്ച തുക നല്‍കിയാണ് ഇദ്ദേഹത്തെ യാത്രയാക്കിയത്.