റീടാറിങ് കഴിഞ്ഞിട്ട് ഒരുമാസം; കടിയങ്ങാട് മാര്‍ക്കറ്റ്-ആട്ടോത്ത് -പുറവൂര്‍ റോഡ് തകര്‍ന്നു, യാത്രക്കാര്‍ ദുരിതത്തില്‍


പേരാമ്പ്ര: റീടാറിങ്‌ നടത്തിയ കടിയങ്ങാട് മാർക്കറ്റ്-ആട്ടോത്ത് -പുറവൂർ റോഡ് ഒരുമാസത്തിനകം തകർന്നു. ടാറിങ്‌ ഇളകി റോഡ് തകർന്നതോടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ ഇതുവഴി യാത്രചെയ്യാൻ ബുദ്ധിമുട്ടുകയാണ്. റോഡിൽ മുമ്പ് കോൺക്രീറ്റ് ചെയ്ത സ്ഥലം തകർന്ന് വെള്ളക്കെട്ടായിരിക്കുകയാണ്.

പഞ്ചായത്ത് മെയ്ന്റനൻസ് ഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപയാണ് 200 മീറ്റർ ദൂരത്തേക്ക് റീടാറിങ്ങിനായി അനുവദിച്ചിരുന്നത്. ഏപ്രിൽ അവസാനം തുടങ്ങിയ പ്രവൃത്തി ഇനിയും പൂർത്തിയാക്കിയിട്ടില്ല.

പ്രവൃത്തിക്കായി കൊണ്ടുവന്ന മെറ്റലുകൾ റോഡരികിൽ കിടക്കുകയാണ്. ആട്ടോത്ത് താഴെ പാലംവന്നതോടെ കടിയങ്ങാടുനിന്ന് ഇതുവഴി പുറവൂരിലേക്ക് കൂടുതൽപേർ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ട്. ശക്തമായ മഴപെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തുകൂടി നടന്നുപോകാൻ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.