രാമനാട്ടുകര ബൈപാസിൽ വീണ്ടും അപകടം; ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ച് യുവാക്കള്‍ മരിച്ചിരുന്നു. പാലക്കാട് കുലുക്കല്ലൂര്‍ മുളയന്‍കാവ് വടക്കേതില്‍ നാസര്‍ (28), വല്ലപ്പുഴ കാവുംകുളം വീട്ടില്‍ മുഹമ്മദ് ഷെഹീര്‍ (26), ചെര്‍പ്പുളശ്ശേരി സെക്രട്ടറിപ്പടി കൂടമംഗലം താഹിര്‍ഷാ (21), എഴുവന്തല പുത്തന്‍പീടിയക്കല്‍ ഹുസൈനാര്‍ (27), എഴുവന്തല ചെമ്മന്‍കുഴി പുത്തന്‍പുരയ്ക്കല്‍ സുബൈര്‍ (33) എന്നിവരാണ് മരിച്ചത്. കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്ന കവര്‍ച്ച സംഘത്തില്‍പെട്ടവരാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം.