രാമനാട്ടുകരയിൽ അച്ഛനും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ
രാമനാട്ടുകര: അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി-പുല്ലുംകുന്ന് റോഡിൽ ഓയാസിസ് വീട്ടിൽ എ.വി. പീതാംബരൻ (റിട്ട. ടെക്നിക്കൽ മാനേജർ, കാലിക്കറ്റ് എയർപോർട്ട് – 61), മകൾ ശാരിക (31) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ഇരുനിലയുള്ള വീടിന്റെ ആദ്യനിലയിലെ രണ്ടുമുറികളിലായാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈസമയം പീതാംബരന്റെ ഭാര്യ പ്രഭാവതിയും അവരുടെ അമ്മ രാധയും വീട്ടിലുണ്ടായിരുന്നു. ഏറെനാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് ശാരിക. മരുന്നിന്റെ തീവ്രത താങ്ങാനാവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും ഇതുവരെ അസ്വാഭാവികത കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം മൃതശരീരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും. പീതാംബരന്റെ മകൻ:പ്രജിത്ത്. മരുമകൾ:ശ്രുതി.
ഇൻക്വസ്റ്റ് നടപടികൾക്ക് അസി. കമ്മിഷണർ എ.എം. സിദ്ദീഖ്, എസ്.എച്ച്.ഒ. ബാലചന്ദ്രൻ, എസ്.ഐ.മാരായ വാസുദേവൻ, ഇൻസമാം, ബാലകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. പി.സി. സുജിത്ത്, രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.