രാമനാട്ടുകരയില്‍ അപകടം സ്വര്‍ണ്ണക്കടത്ത് വാഹനങ്ങളുടെ ചേസിങ്ങിനിടെ?; അന്വേഷണം ഊര്‍ജ്ജിതം


കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്തു സംഘത്തില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് ഇടനിലക്കാരാണ് ഇവരെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സ്വര്‍ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റോ കണ്ടെടുത്തിട്ടില്ല. എല്ലാ കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട് എന്നാണ് ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍, അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് അപകടമുണ്ടായ ഉടന്‍ മറ്റൊരു സംഘം സ്വര്‍ണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങള്‍ സ്വര്‍ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‌കോര്‍ട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട്, അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്ന ആറു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും, ഇതിനിടെ അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവര്‍ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

ഇന്നു പുലര്‍ച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി െ്രെഡവറുടെ മൊഴി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറും സൂചിപ്പിച്ചിരുന്നു.