യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല


പയ്യോളി : വോട്ടര്‍ പട്ടികയില്‍ സര്‍വീസ് സംഘടനകളെ ഉപയോഗിച്ചു നാലര ലക്ഷത്തോളം വ്യാജ വോട്ടുകള്‍ സിപിഐഎം ചേര്‍ത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടുകള്‍ ഉപയോഗിച്ചു ജനാഭിലാഷത്തെ അട്ടിമറിക്കാനാണു സിപിഐഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ്.

കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ജയിക്കുന്ന സംസ്ഥാനത്ത് ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം ഒരു ലക്ഷമോ ഒന്നര ലക്ഷമോ മാത്രമാണു വരാറുള്ളത്. വ്യാജ വോട്ടുകള്‍ നാലര ലക്ഷത്തോളം വരുമെന്നുള്ളത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്ന തീരുമാനമാകും ആദ്യത്തേത്. ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി. സദക്കത്തുല്ല അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍, കെപിസിസി ജന. സെക്രട്ടറി വി. എം. ചന്ദ്രന്‍, കെ. ബാല നാരായണന്‍, സി. വി. ബാല കൃഷ്ണന്‍, അച്യുതന്‍ പുതിയേടത്ത്, ഷഫീഖ് വടക്കയില്‍, വി. പി. ഭാസ്‌കരന്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു, പി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.