യാത്രാ സൗകര്യം, കാർഷികാവശ്യം: ചിറ്റാരിക്കടവ് പദ്ധതി യാഥാർത്ഥ്യമായി; ഉദ്ഘാടനം ഫെബ്രുവരി 17ന്


കൊയിലാണ്ടി: കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 17 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് കെ.ദാസൻ എംഎൽഎ അറിയിച്ചു. 17 ന് കാലത്ത് 11 മണിക്ക് ഓൺ ലൈനിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക.

രാമൻ പുഴയിലെ വെള്ളം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ 20.18 കോടി രൂപ ചെലവിൽ ജലസേചന വകുപ്പ് ആണ് ചീറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. മലബാർ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പദ്ധതിക്ക് തുക വകയിരുത്തിയത്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്. ഏകദേശം അഞ്ച് വർഷം നിർമ്മാണ പ്രവർത്തികൾക്കായി വേണ്ടിവന്നു. ചെറുതും വലുതുമായ 16 സ്പാനുകൾ പാലത്തിനുണ്ട്. ഇതിനിടയിൽ 16 ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷട്ടറുകൾ ഉയർത്താനും താഴ്ത്താനുമുള്ള വൈദ്യുതി ആവശ്യത്തിന് പാലത്തിൽ പവ്വർ റൂമും സജ്ജമാക്കിയിട്ടുണ്ട്.

90 മീറ്ററാണ് പാലത്തിന്റെ മൊത്തം നീളം. വീതി 7.50 മീറ്ററും. പാലത്തിന്റെ ഇരു വശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. പാലം ഗതാഗത യോഗ്യമാകുന്നതോടെ അണേല, കാവുംവട്ടം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കന്നൂര് വഴി ബാലുശ്ശേരി ഭാഗത്തേക്ക് എളുപ്പം പോകാൻ കഴിയും. മാത്രവുമല്ല പഴയ കണയങ്കോട് പാലത്തിന് ഒരു ബദൽ മാർഗ്ഗവും ആവും ഈ പാത.