മേപ്പയ്യൂരിൽ പലചരക്ക് കട കത്തിനശിച്ചു
മേപ്പയ്യൂർ: മുയിപ്പോത്ത് ടൗണിനടുത്ത് നാഗത്ത് മുസ്തഫയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കത്തിനശിച്ചു തിങ്കളാഴ്ച രാത്രിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കട കത്തിനശിച്ചത്. ശക്തമായ ഇടിമിന്നൽമൂലമോ മറ്റോ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
കടയിൽ പണം സൂക്ഷിച്ചിരുന്ന മേശയും രേഖകളും പൂർണമായി നഷ്ടപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. മേപ്പയ്യൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എൻ.എം.കുഞ്ഞബ്ദുള്ള, അബ്ദുൽകരീം കോച്ചേരി, വാർഡംഗങ്ങളായ ഇ.കെ.സുബൈദ, എൻ.ആർ.രാഘവൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.