മേപ്പയ്യൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; പ്രവര്‍ത്തനാനമുതിയിലുള്ള കടകളില്‍ ജോലിചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും


മേപ്പയൂർ: 155 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഡി കാറ്റഗറിയിലേക്കു മാറുകയും ചെയ്ത പഞ്ചായത്തിൽ പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇന്നലെ 315 പേർക്ക് കോവിഡ് പരിശോധന നടത്തി. 113 പേരിൽ ആന്റിജൻ ടെസ്റ്റാണ് നടത്തിയത്. ഇതിൽ 7 പേർക്ക് കോവിഡ് കണ്ടെത്തി. 202 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്ന് വീണ്ടും ബസ് സ്റ്റാൻഡിൽ കോവിഡ് പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. വി.വി.വിക്രം അറിയിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐമാർ ഉൾക്കൊള്ളുന്ന പൊലീസ് സംഘം ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധനകൾ നടത്തി.

പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ കോവിഡ് ടെസ്റ്റ് നടത്തിയവരോ വാക്സിനേഷൻ നടത്തിയവരോ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആർ 16.4 ശതമാനമാണ്. പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ മാത്രം രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ എന്നും ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.പ്രജീഷ് എന്നിവർ അറിയിച്ചു.

അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ലോക്ഡൗൺ കഴിഞ്ഞേ വാഹനങ്ങൾ തിരിച്ച് നൽകൂ എന്നും പൊലീസ് മുന്നറിയിപ്പ് നൽകി. കോവിഡ് സ്ഥിരീകരണ നിരക്ക് വർധിച്ചതിനാൽ ഡി കാറ്റഗറിയിലേക്ക് മാറിയ പഞ്ചായത്തിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് ടെസ്റ്റ് നടത്തിയ രേഖകളോ ഇല്ലാത്ത ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെ കേസെടുക്കുമെന്നും സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.