മേപ്പയൂരില്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍ക്ക് നേരെയുള്ള വധശ്രമം ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്


മേപ്പയ്യൂര്‍: നിടുമ്പൊയില്‍ പതിനൊന്നാം വാര്‍ഡ് ആര്‍.ആര്‍.ടി മെമ്പറും മുസ്ലിം ലീഗ് ശാഖാ സെക്രട്ടറിയുമായ സിറാജ് മീത്തലെ എഴുവലത്തിന് നേരെ വധശ്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്. ആര്‍.ആര്‍.ടി വളണ്ടിയറുടെ കൃത്യനിര്‍വ്വഹണത്തിനിടെ അക്രമണം നടത്തിയ പ്രദേശത്തെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ആവശ്യപ്പെട്ടു.

സിറാജിനെ ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ മുസ്ലിം ലീഗ് ആരംഭിക്കുമെന്നും സി.പി.എ അസീസ് വ്യക്തമാക്കി. ആക്രമത്തില്‍ പരിക്കേറ്റ സിറാജിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയാജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ.മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, വൈസ് പ്രസിഡന്റ് വി.വി.എം ബഷീര്‍, മേപ്പയ്യര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ്, സെക്രട്ടറി ഇസ്മായില്‍ കീഴ്‌പോട്ട് എന്നിവരും സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു.