‘മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം’; ആവേശക്കോപ്പയ്‌ക്കൊപ്പം കൂടി മുഖ്യമന്ത്രിയും
തിരുവനന്തപുരം: കോപ്പ അമേരിക്കയില്‍ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോർട്സ്‌മാൻ സ്‌പിരിറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അർജന്റീനയുടെ വിജയവും ലിയോണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും സുന്ദരമെന്നും ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ പങ്കുചേരുന്നതായും പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലിയോണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.
വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമാണിത്. അര്‍ജന്‍റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്.