മുളിയങ്ങല്‍ കനാല്‍ പാലം തകര്‍ച്ചയില്‍: അപകടാവസ്ഥ
പേരാമ്പ്ര: മുളിയങ്ങല്‍ കനാല്‍ പാലം അപകടാവസ്ഥയില്‍. പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണിപ്പോള്‍. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുവശത്തുമുള്ള കൈവരികള്‍ ദ്രവിച്ചും വാഹനങ്ങള്‍ ഇടിച്ചും മുറിഞ്ഞു വീഴുന്ന അവസ്ഥയാണ്. പാലത്തിന്റെ അടിഭാഗം കെട്ടിപ്പൊക്കിയ കല്ലുകള്‍ ഏതു സമയവും അടര്‍ന്നു വീഴാന്‍ പാകത്തിലാണ്. ഭാരമേറിയ ഒട്ടേറെ വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന് വീതിയും കുറവാണ്. കോഴിക്കോട് ഭാഗത്തു നിന്നും വരുമ്പോള്‍ കൊടും വളവും ഇറക്കവും ഉള്ളതിനാല്‍ പാലത്തില്‍ അപകടങ്ങളും പതിവാണ്.
വളവും ഇറക്കവും പരമാവധി കുറച്ച് പാലം വീതി കൂട്ടി പുതുക്കി പണിയുകയും കനാലിന്റെ സൈഡിലൂടെ വരുന്ന റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്ത് വീതി കുട്ടി ഡിവൈഡര്‍ സ്ഥാപിക്കണമെന്നും നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എന്‍.നൗഫല്‍ അധ്യക്ഷത വഹിച്ചു. കെ.എം.ശാമില്‍, ടി.പി.അഷറഫ്, മജീദ് ചേനോളി ലുബൈബ് വെള്ളിയൂര്‍, റിയാസ് വയലോരം, ഇസ്മായില്‍ നൊച്ചാട്, ഗഫൂര്‍ മണിയോത്ത് എന്നിവര്‍ പ്രസംഗിച്ചു.