മുല്ലപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യപ്പെടുന്നത് ഇരട്ടത്താപ്പെന്ന് കെ.മുരളീധരൻ
കൊയിലാണ്ടി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനെതിരെ ഒളിയമ്പുമായി കെ.മുരളീധരൻ. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ വടകര എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തയ്യാറാവാതെ മാറി നിൽക്കുകയായിരുന്നു.
മുല്ലപ്പള്ളി മാറിയതോടെ വട്ടിയൂർകാവ് എംഎൽഎ ആയിരുന്ന കെ.മുരളീധരൻ വടകര പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ തയ്യാറാവുകയായിരുന്നു. മുരളീധരൻ എംപി ആയതോടെ നടന്ന വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുകയായിരുന്നു.കെപിസിസി പ്രസിഡണ്ടാണ് എന്ന കാരണം പറഞ്ഞാണ് മുല്ലപ്പള്ളി ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നത്.
ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന മുല്ലപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നാണ് മുരളീധരൻ തുറന്നടിച്ചത്. മുല്ലപ്പള്ളി വടകര ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പും കോൺഗ്രസ്സിന്റെ തോൽവിയും ഒഴിവാക്കാമായിരുന്നെന്ന് മുരളീധരൻ പറഞ്ഞു.