മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കേസില്‍ ദുരൂഹതയേറുന്നു


എറണാകുളം: കളമശ്ശേരി മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ കൂടുന്നു. പൂനൈയിലും തമിഴ്നാട്ടിലും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്ന് പൊലീസിന് വിവരം ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണത്തിന് കാരണമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.

അതേസമയം ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റിലെ വാച്ച്മാന്‍ നിര്‍ണായകമായ മൊഴിയും പൊലീസില്‍ നല്‍കി. വൈഗ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പിതാവ് സനൂ മോഹന്‍ കുട്ടിയെ തോളിലിട്ടു കൊണ്ടു പോകുന്നത് കണ്ടതായാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.