മുടപ്പിലാവില്‍ ചിറ പഴയ ചിറയല്ല; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, ചിറ നവീകരിച്ചതോടെ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ നടുങ്ങി നാട്‌


വടകര : പഴയതുപോലെ അത്ര ആഴമില്ലാത്ത ചിറയാണെന്നു കരുതി മുടപ്പിലാവിൽ ചിറയിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. പഴയ ചിറയല്ലിത്. നവീകരിച്ച ശേഷം ആഴം കൂടിയിട്ടുണ്ട്. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാം. 1.02 കോടി രൂപ ചെലവഴിച്ച് ചിറ നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കെ കഴിഞ്ഞദിവസം ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച സംഭവം മുടപ്പിലാവിൽ പ്രദേശത്തെ തെല്ലൊന്നുമല്ല നടുക്കിയത്. കുളിക്കാനായി ചിറയിലേക്ക് ചാടിയ മുടപ്പിലാവിൽ സ്വദേശി ജിജിൻരാജാണ് മുങ്ങിമരിച്ചത്. രണ്ടരമണിക്കൂർ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.

ആഴം കൂട്ടി ചുറ്റിലും പടവുകൾ കെട്ടി മനോഹരമാക്കിയ ചിറ കണ്ടാൽ അതിലിറങ്ങി നീന്തിത്തുടിക്കാൻ ആരും കൊതിച്ചുപോകും. ഒട്ടേറെപ്പേർ ചിറയിൽ കുളിക്കാനെത്തുന്നുണ്ട്. ഏറെയും കുട്ടികളാണ്. സ്കൂളുകൾ ഇല്ലാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാലും എല്ലാ ദിവസങ്ങളിലും ചിറയിൽ കുളിക്കാൻ ആളെത്തുന്നുണ്ട്. ചെറിയ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തുന്നവരുമുണ്ട്. കൂടാതെ ചിറയുടെ പരിസരപ്രദേശങ്ങളിലെ കുടുംബങ്ങളും ചിറയെ ആശ്രയിക്കുന്നുണ്ട്. പഴയ ചിറയുടെ ആഴമാണ് ഇവരുടെയെല്ലാം മനസ്സിലുള്ളത്.

നേരത്തേ ചെറിയ ആഴമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ഒരുഭാഗത്തുമാത്രമാണ് കടവ് ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാ ഭാഗത്തുനിന്നും ചിറയിലേക്ക് ഇറങ്ങാൻ വഴിയുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ ഭാഗത്തുനിന്ന് ആരൊക്കെ ഇറങ്ങുന്നുവെന്നും ആരൊക്കെ തിരിച്ചുകയറുന്നുവെന്ന് നോക്കാനും കഴിയില്ല. അപകടത്തിൽപ്പെട്ടാൽ അറിയാനും വൈകും.

ഹർത്താൽ ദിവസം നീന്തൽ പഠിപ്പിക്കുന്നത്തിനിടെ അഞ്ചുവയസ്സുകാരൻ രക്ഷിതാവിന്റെ കൈയിൽനിന്ന് വഴുതി ചിറയിലേക്ക് ആഴ്ന്നിരുന്നു. രക്ഷിക്കാൻ ശ്രമിച്ച രക്ഷിതാവും അപകടത്തിൽപ്പെട്ടു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന മേമുണ്ട സ്വദേശി എ.എം.രാജനാണ് ചിറയിലേക്ക് ചാടി ഇരുവരെയും രക്ഷിച്ചത്.

അന്ന് ദുരന്തം ഒഴിവായെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ ഒരാൾ മരിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അപകടമുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.