മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നിലവില്‍ കണ്ണൂരില്‍ ആണുള്ളത്. നിലവിൽ രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എങ്കിലും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറാനാണ് തീരുമാനം എന്നറിയുന്നു. ഒരു മാസം മുന്‍പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. കൊവിഡ് പരിശോധന ഫലം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വീണ വിജയന്‍ വോട്ട് രേഖപ്പെടുത്താനെയെത്തിയത്. വീണയ്ക്ക് പിന്നാലെ ഭർത്താവും ബേപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി.എ.മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അദ്ദേഹവുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.