മുഖ്യമന്ത്രിയ്ക്കിന്ന് 76 തികഞ്ഞു, നാട് അതിജീവന പോരാട്ടത്തിലായതിനാൽ ആഘോഷമൊന്നുമില്ല


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞു. ചരിത്രം തിരുത്തി കുറിച്ച തുടര്‍ ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസ മെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

5 വര്‍ഷം മുന്‍പ് അതായത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്‍മദിനത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്ബോള്‍ പിണറായി വിജയന് കൂട്ടായി കേരളരാഷ്ട്രീയത്തിലെ അത്യപൂര്‍വമായൊരു ചരിത്രം കൂടിയുണ്ട്. തുടര്‍ഭരണത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റനെന്ന ചരിത്രം.

തനിക്ക് വയസ് 76 ആയെങ്കിലും നിയമസഭയിലും മന്ത്രിസഭയിലും ചെറുപ്പം നിറക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചുവെന്നതും മറ്റൊരു കൗതുകം. പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലിന് നടുവില്‍ നിന്ന് സംസ്ഥാനത്തെ കൈവെള്ളയില്‍ കോരിയെടുത്തതിന്‍റെ കരുത്തിന് 99 സീറ്റിന്‍റെ ജന്മദിന സമ്മാനമാണ് കേരളജനത പിണറായിക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്തിനഭിമാനമായ കേരളനിയമസഭയില്‍ 140 ല്‍ 99 പേരുടെ ഉറച്ച പിന്തുണയുമായി ജന്മദിനത്തില്‍ സഭാസമ്മേളനം തുടങ്ങാനായെന്ന ഇരട്ടിമധുരവും പിണറായിക്കുണ്ട്.

76 ന്‍റെ അനുഭവക്കരുത്ത് എങ്ങനെ ഈ കെട്ടകാലത്തെ പ്രതിസന്ധികളില്‍ നിന്ന് നമ്മെ കരകയറ്റുക എന്ന വലിയ ചോദ്യത്തിനുള്ള മറുപടിയായിരിക്കും അദ്ദേഹത്തിന്‍റെ തുടര്‍ഭരണമെന്ന പ്രത്യാശയോടെ ജന്മദിനാശംസകള്‍ നേരുന്നു.