മുക്കത്ത് വാഹനാപകടം: കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; അപകടം കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍


മുക്കം: മുക്കത്ത് കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പെരുമ്പറമ്പ് മനക്കൽ മുഹമ്മദ് യാസീൻ (26) ഭാര്യ നൈല, മകൻ എന്നിവരെ നിസ്സാരപരിക്കുകളോടെ അഗസ്ത്യൻമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പി.സി. ജങ്ഷനിൽ വ്യാഴാഴ്ചരാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു കാർ. മുക്കം അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടനെ രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാ സേനയുടെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ശക്തയായ മഴയിൽ ‌ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സൂചനാ ബോർഡുകളോ മറ്റോ ഇവിടെ ഇല്ലാത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. നാല് മാസം മുൻപ് ഇവിടെ കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറിയിരുന്നു. അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ എൻ. വിജയൻ, ഫയർ ഓഫീസർമാരായ സെന്തിൽകുമാർ, സലീം, അബ്ദുൾ ഷുക്കൂർ, വിപിൻ, അമീറുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.