മഴ വന്നാല്‍ റോഡ് തോടാകും; മേപ്പയ്യൂര്‍ അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍


മേപ്പയ്യൂര്‍: അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴ പെയ്താല്‍ റോഡും തോടും ഒന്നാകും. പിന്നെ റോഡിലൂടെ നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടാണ്. മഴക്കാലത്ത് റോഡ് വെള്ളക്കെട്ട് നിറഞ്ഞ് ദുരിത വഴിയാകുന്നു. ജനകീയ ഇടപെടലുകളെ തുടര്‍ന്ന് അത്തിക്കോട്ട് പാലം മുതല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ട് പാസായെങ്കിലും പണി നടന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ ഈ റോഡ് വഴിയാണ് യാത്ര ചെയ്യേണ്ടത്. കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതിനാല്‍ കിടപ്പു രോഗികളും വയോജനങ്ങളും ആശുപത്രിയിലേക്ക് പോകാന്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.