മന്ത്രി റിയാസിനെ വിളിച്ചു; മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി


മേപ്പയൂര്‍: മന്ത്രി റിയാസിനെ വിളിച്ചു മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി. ഗതാഗതത്തിനും കാല്‍നടക്കും അസൗകര്യമുണ്ടാക്കുന്ന മെറ്റല്‍ക്കൂനയാണ് മന്ത്രിയെ വിളിച്ചറിയിച്ച് മണിക്കൂറുകള്‍ക്കകം മാറ്റിത്. മേപ്പയൂര്‍ ചെറുവണ്ണൂര്‍ റോഡിലെ ആയോല്‍പടിയിലെ മെറ്റലാണ് നീക്കം ചെയ്തത്.

ഈ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പാണ് മെറ്റല്‍ ഇറക്കിയത്. കരാറുകാരനോട് മെറ്റല്‍ മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസിയായ സുനില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ‘ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍’ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നു. മന്ത്രി അപ്പോള്‍ തന്നെ മെറ്റല്‍ക്കൂന മാറ്റാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു.

മന്ത്രിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെ സംസ്ഥാനത്തിന്റെ നിരവധിയിടങ്ങളിലുള്ള പ്രശ്‌നങ്ങളാണ് പരിഹരിച്ചു പോരുന്നത്. മന്ത്രിയോട് നേരിട്ട് സംസാരിക്കാന്‍ കഴിയുന്ന ഈ പരിപാടിയില്‍ റോഡുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാം. തുടര്‍ന്ന് മന്ത്രി അതാത് ഇടങ്ങളിലെ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് രീതി. പരിപാടി ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.