മന്ത്രിയുടെ ഇടപെടല്‍, മേപ്പയൂരിലെ അനാമികയുടെ മുഖത്ത് നൂറ് വോള്‍ട്ടിന്റെ ചിരി; രണ്ട് മണിക്കൂറില്‍ വീട്ടില്‍ വൈദ്യുതി കണക്ഷന്‍, ഇനി മൊബൈലില്‍ ചാര്‍ജ്ജില്ലാതെ പഠനം മുടങ്ങില്ല


മേപ്പയൂര്‍: കീഴ്പ്പയൂരിലെ ആറാം ക്ലാസുകാരിക്ക് വീട്ടില്‍ ഇനി വെളിച്ചം. മുന്നൂറാം കണ്ടി കേളപ്പന്റെ മകള്‍ അനാമികക്ക് ഇനി സ്വന്തം വീട്ടില്‍ നല്ല വെളിച്ചത്തിലിരുന്ന് പഠിക്കാം. കഴിഞ്ഞ ദിവസം അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയെങ്കിലും വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അനാമിക തന്റെ വിഷമം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിളിച്ചറിയിക്കുകയായിരുന്നു.

രണ്ട് മണിക്കൂറിനകം വീട്ടില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി. ഫോണുണ്ടെങ്കിലും ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് പഠനം മുടങ്ങിയ അനാമിക്ക് മന്ത്രിയുടെ ഇടപെടലിലൂടെ വീട്ടില്‍ വൈദ്യുതി എത്തി.

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത അനാമികക്ക് സ്വന്തമായുള്ളത് ടാര്‍പോളിന്‍ ഇട്ട ഒറ്റ മുറി മാത്രമാണ്. കഴിഞ്ഞ ദിവസം കീഴ്പ്പയൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് വാര്‍ത്തയായിരുന്നു.