മദ്യപാനവും വില്‍പനയും; മൂന്ന് പേര്‍ പിടിയില്‍


പേരാമ്പ്ര: കടയില്‍ മദ്യപിച്ചുകൊണ്ടിരുന്ന മൂന്നംഗ സംഘത്തെ പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്തു. കടയുടമ പേരാമ്പ്ര വാഴയില്‍ വളപ്പില്‍ വി എ നൗഷാദ് (36), പേരാമ്പ്ര ബൈപാസ് റോഡിലെ പര്‍വീണ്‍ വില്ലയില്‍ മെഹ് നാസ് (36), കണ്ണൂര്‍ ആറളത്തെ കെ ടി ഹൗസില്‍ കെ ടി ഷജീര്‍ (35) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പേരാമ്പ്ര പൈതോത്ത് റോഡിന് എതിര്‍വശമുള്ള മില്‍മാ ബൂത്ത് കം കോഫി ഷോപ്പില്‍ നാടന്‍ ചാരായം സൂക്ഷിച്ച് വില്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച പകല്‍ ഒന്നിനാണ് പൊലീസ് പരിശോധന നടത്തിയത്. ഈ സമയം കടയില്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. എസ് ഐമാരായ കെ രാധാകൃഷ്ണന്‍, കെ കെ സോബിന്‍, സിപിഒമാരായ സതീഷ് കുമാര്‍, രജിത്ത്, ഹോം ഗാര്‍ഡ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെല്ലാവരും പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു ദിവസം പേരാമ്പ്ര പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ നൗഷാദ്.