മണ്ണിന്, മനുഷ്യന്, പ്രകൃതിയ്ക്ക്, കരുതലായി പയ്യോളിയിലെ വിദ്യാര്‍ത്ഥികള്‍


പയ്യോളി: വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 75 ആഴ്ച നീളുന്ന ‘ഭാരത് കാ അമൃത് മഹോത്സവ് ‘ പരിപാടിയുടെ ഭാഗമായി പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍.


ഹരിതം NG C/Seed ക്ലബിനു കീഴിലുള്ള 25 പേരാണ് സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ മണ്‍പാത്രങ്ങളിലും മറ്റും വെള്ളം നല്‍കല്‍, വീട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കല്‍, ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ബോധവല്‍ക്കരണം നടത്തല്‍, പച്ചക്കറി- ഔഷധ സസ്യങ്ങള്‍ – പൂച്ചെടികള്‍ എന്നിവയുടെ തോട്ടമൊരുക്കല്‍, പാഴ് വസ്തുക്കളുടെ പുന:രുപയോഗം, ഭൗമദിനാചരണം എന്നിങ്ങനെ വിവിധ പരിപാടികളില്‍ കുട്ടികള്‍ പങ്കാളികളായി.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ ഇക്കോ ക്ലബ്ബുകളും സംയുക്തമായാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. സമഗ്ര ശിക്ഷാ കേരള, ദേശീയ ഹരിതസേന എന്നിവയുടെ പിന്തുണയും പദ്ധയിയ്ക്കുണ്ട്.