മഞ്ഞില്‍ പൊതിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടവും ജീപ്പ് യാത്രയും; സഞ്ചാരികളെ മാടിവിളിച്ച് മാട്ടുമല
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലമ്പ്രദേശമാണ് മാട്ടുമല. പശ്ചിമഘട്ടത്തിന്റെ പച്ചപ്പു മുഴുവന്‍ വഹിക്കുന്ന ഈ മലനിരകള്‍ നെല്ലിയാമ്പതിയില്‍ നിന്ന് വെറും ഒമ്പത് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. ഗംഭീരമായ വനപ്രദേശത്ത് കൂടി, ഇവിടേക്കുള്ള യാത്ര തന്നെ അതുല്യമായ ഒരു അനുഭവമാണ്. മുകളില്‍ എത്തിയാലോ, ചുറ്റും മഞ്ഞില്‍ പൊതിഞ്ഞ് ഒളിച്ചുകളിക്കുന്ന പരിസരപ്രദേശങ്ങളുടെ കാഴ്ചയില്‍ മനംമയങ്ങി നിന്നുപോകും.
അല്‍പം ബുദ്ധിമുട്ടാണ് ഇവിടേക്ക് എത്താന്‍. അടുത്തുള്ള പട്ടണമായ നെന്മാറയില്‍ നിന്നും ഏകദേശം നാല്‍പ്പത്തഞ്ചു മിനിട്ടോളം ജീപ്പ് യാത്രയുണ്ട്. നെന്മാറ പട്ടണത്തിന്റെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ മലമുകളില്‍ നിന്ന് കാണാമെങ്കിലും കുട്ടികളുമായി ഇവിടം സന്ദര്‍ശിക്കുന്നത് അപകടകരമാണ്.
ഇവിടേക്ക് കയറാനായി ആദ്യം തന്നെ വനം വകുപ്പിന്റെ അനുമതി വാങ്ങണം, വൈകുന്നേരം നാല് മണിക്ക് മുമ്പ് തിരികെ വരണം. ഭാഗ്യമുണ്ടെങ്കില്‍ വഴിയില്‍ ആനയെയും കാണാം.
ടീ ഫാക്ടറികളും സീതര്‍ഗുണ്ട് ആത്മഹത്യ പോയിന്റുമെല്ലാം കടന്ന് പോയാല്‍, മാട്ടുമല വ്യൂ പോയിന്റിലെത്താം. ഇവിടെ നിന്ന് നോക്കിയാല്‍ ദൂരെയായി, പറമ്പിക്കുളം അണക്കെട്ട് കാണാം, ചുറ്റും മനോഹരമായ ഹരിത താഴ്വരകളാണ്. ആനകള്‍ പതിവായി വരുന്നതിനാല്‍ അവിടവിടെയായി ആനപ്പിണ്ടം കാണാം. വളരെ ശക്തിയാര്‍ന്നതാണ് മലമുകളിലെ കാറ്റ്.
വിശാലമായ ഓറഞ്ചു തോട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കേരളത്തില്‍ ഉള്ളവര്‍ക്ക് ഇതത്ര പരിചിതമല്ലാത്തതിനാല്‍ പഴുത്തു വിളഞ്ഞുകിടക്കുന്ന ഓറഞ്ചുമരങ്ങള്‍ അങ്ങേയറ്റം കൗതുകം പകരും. ചുറ്റുമുള്ള വനങ്ങളിലാവട്ടെ, അപൂര്‍വവും അതുല്യവുമായ ചില ഔഷധ സസ്യങ്ങളും ഉണ്ട്.
ഈ പ്രദേശത്തുള്ള സവിശേഷ സസ്യജാലങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണെങ്കിലും, നിരുത്തരവാദപരമായ ടൂറിസത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെയെങ്ങും വ്യക്തമായി കാണാം. മാട്ടുമല ഒരു നിയന്ത്രിത വിനോദസഞ്ചാര കേന്ദ്രമാകേണ്ടതാണെങ്കിലും കുപ്പികളും പ്ലാസ്റ്റിക്കും ചപ്പുചവറുകളും എല്ലായിടത്തും ചിതറിക്കിടക്കുന്നു. നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ട ഒരു ടൂറിസ്റ്റ് ലഘുലേഖയിലും ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമില്ലാതിരുന്നിട്ടു പോലും ആളുകള്‍ ഇവിടേക്ക് എത്തുന്നു.
നെല്ലിയാമ്പതി കുന്നുകള്‍, പറമ്പിക്കുളം വന്യജീവി സങ്കേതം, നെന്മാറ, പലഗപാണ്ടി എസ്റ്റേറ്റ്, പാടഗിരി, രാജാസ് ക്ലിഫ്, മലമ്പുഴ ഗാര്‍ഡന്‍സ്, പോത്തുണ്ടി റിസര്‍വോയര്‍ എന്നിവയും ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.
സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ യാത്രക്കായി ഏറ്റവും മികച്ച മറ്റൊരു സമയം മഴക്കാലമാണ്. ധാരാളം മഴ ലഭിക്കുന്നതിനാല്‍ മഴക്കാലത്ത് ഇവിടം അതിമനോഹരമായി കാണപ്പെടുന്നു. ഈ സമയത്ത് നെല്ലിയാമ്പതിയിലും പരിസരപ്രദേശങ്ങളിലുമെല്ലാം ട്രെക്കിങ് നടത്താനും നിരവധിപ്പേര്‍ എത്തുന്നു.