മകന്റെ കല്ല്യാണത്തിനായി ഒരുക്കിയ പന്തലില്‍ എത്തിയത് അമ്മയുടെ മൃതദേഹം: ഷീബയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍മാറാതെ കുടുംബം


കൊയിലാണ്ടി: വിവാഹത്തിനായി ഒരുങ്ങിയതായിരുന്നു ഷീബയുടെ പന്തലായനി മീത്തലെ വീട്ടില്‍ വീട്. മോടികൂട്ടലും പന്തലിടലുമെല്ലാം പൂര്‍ത്തിയായതാണ്. വിവാഹത്തിന്റെ തിരക്കായതിനാല്‍ ബാങ്കില്‍ പോയി പെട്ടെന്നുതന്നെ വരാമെന്നു പറഞ്ഞാണ് മകളുടെ ഭര്‍ത്താവായ അഖിലിനൊപ്പം ഷീബ വീട്ടില്‍ നിന്നും ഇറങ്ങിയത്. പക്ഷേ അത് ഒരിക്കലും തിരിച്ചുവരാത്ത യാത്രയാകുമെന്ന് ബന്ധുക്കളാരും തന്നെ സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല.

കൊയിലാണ്ടി കെ.ഡി.സി ബാങ്കില്‍ ഇടപാട് പൂര്‍ത്തിയാക്കി പുറത്തിറങ്ങി വീട്ടിലേക്ക് തിരിച്ചുപോകാനായി അല്പമൊന്നു നീങ്ങിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഷീബ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ചരക്കുമായി പോകുന്ന ലോറിയില്‍ കുരുങ്ങുകയും ഷീബ ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.

ഷീബയുടെ ഭര്‍ത്താവ് ഹരിദാസന്‍ കോണ്‍ട്രാക്ടറാണ്. രണ്ടുമക്കളുണ്ട്. മകള്‍ ആതിര വിവാഹിതയാണ്. മകന്‍ അക്ഷയ് യുടെ വിവാഹമാണ് തിങ്കളാഴ്ച നടക്കേണ്ടിയിരുന്നത്. അതിനായി ഒരുക്കിയ പന്തലില്‍ എത്തിയത് ഷീബയുടെ മൃതദേഹമാണ്. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ശനിയാഴ്ച 12 മണിയോടെ മൃതദേഹം വീട്ടുവളപ്പിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കെല്ലാം അത് കണ്ണീര്‍ക്കാഴ്ചയായി.