ഭാരത് ബന്ദ്: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം


പേരാമ്പ്ര : കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഹര്‍ത്താല്‍ പേരാമ്പ്ര മേഖലയില്‍ പൂര്‍ണം. വ്യാപാരികളും തൊഴിലാളി സംഘടനകളുമെല്ലാം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകടകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയിട്ടില്ല.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒമ്പത് മാസമായി ഡല്‍ഹിയില്‍ സമരരംഗത്തുള്ള കര്‍ഷകരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹര്‍ത്താല്‍ നടത്തുന്നത്.