ഭരണമാറ്റം ഉറപ്പിച്ച് യുഡിഎഫ്, 77 മുതൽ 87 സീറ്റ് വരെ ലഭിക്കും; ഗുണമാകുക തെക്കൻ കേരളത്തിലെ വിജയങ്ങൾ


കോഴിക്കോട്: അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റം എന്ന ശൈലി ഇത്തവണയും കേരളത്തിലുണ്ടാവുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. തെക്കൻകേരളത്തിൽ ഇത്തവണയുണ്ടാക്കുന്ന നേട്ടങ്ങളാവും വലിയ ഗുണം ചെയ്യാൻ പോകുന്നതെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഏറ്റവും ചുരുങ്ങിയത് 77 സീറ്റാണ് അവരുടെ ഉറച്ച വിശ്വാസം. അത് 87 സീറ്റുവരെയായാലും അദ്ഭുതപ്പെടാനില്ലെന്നാണ് കൂട്ടിയും കിഴിച്ചും ശേഷമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഇടതുമുന്നണിയുടെ ഭരണത്തുടർച്ച എന്ന സ്വപ്നം നടക്കില്ലെന്ന് വിവിധ ജില്ലകളിൽനിന്നുള്ള വിലയിരുത്തലുകൾ പരിശോധിച്ച ശേഷം യു.ഡി.എഫ്. നേതൃത്വം ഉറപ്പിച്ചുപറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിവിധ വിഷയങ്ങൾ സമൂഹത്തിൽ വലിയ ആശയസംവാദത്തിന് ഇടയാക്കി. അഞ്ചുമന്ത്രിമാരുൾപ്പെടെ ഒട്ടേറെ സിറ്റിങ് എം.എൽ.എ.മാരെ സി.പി.എം. മത്സരരംഗത്തുനിന്ന് മാറ്റിയത് യു.ഡി.എഫിന് വലിയ ഗുണംചെയ്തെന്നാണ് വിലയിരുത്തൽ.

മുസ്ലിം, ക്രിസ്ത്യൻ സമുദായസംഘടനകളും ഇത്തവണ യു.ഡി.എഫിന് അനുകൂലമായി. എൻ.എസ്.എസ്. നേരത്തേതന്നെ അനുഭാവം കാണിച്ചു. വോട്ടെടുപ്പുദിവസം ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുടെ പ്രസ്താവനകളും മുന്നണിക്ക് അനുകൂലമായി. ഇരട്ടവോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷമുയർത്തിയ ആക്ഷേപങ്ങളും നടപടികളും കള്ളവോട്ടുകളെ ഒരു പരിധിവരെ അകറ്റി.

ബി.ജെ.പി – ആർ.എസ്.എസ് കേഡർ വോട്ടുകൾ ഇത്തവണ അവരുടെ സ്ഥാനാർഥികൾക്കുതന്നെയാണ് പോയതെങ്കിലും കുറെ അനുഭാവി വോട്ടുകൾ ചിലയിടങ്ങളിൽ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടാകും. ബി.ഡി.ജെ.എസിന്റെ വോട്ടുകളും വന്നിട്ടുണ്ട്. എസ്.ഡി.പി.ഐ., വെൽഫയർ പാർട്ടി ഉൾപ്പെടെയുള്ള പാർട്ടികളുടെ കുറെ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി വീണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

എറണാകുളം, കോട്ടയം ജില്ലകളിൽ രണ്ടുസീറ്റുവീതം ഒഴികെ ബാക്കിയെല്ലാം ഇത്തവണ പിടിച്ചെടുക്കാനാവും. ജോസ് കെ. മാണിയുടെ പാലായും ഇതിൽ ഉൾപ്പെടും. കോട്ടയത്ത് ഏറ്റുമാനൂരും വൈക്കവും കിട്ടില്ല. തിരുവനന്തപുരത്ത് നേമം തിരിച്ചുപിടിക്കും. തിരുവനന്തപുരവും ഉറപ്പാണ്. എന്നാൽ, വട്ടിയൂർക്കാവ് കൈവിട്ടുപോകുമെന്ന തിരിച്ചറിവിലാണിപ്പോൾ കോൺഗ്രസ് നേതൃത്വം.

വയനാട് ജില്ലയിൽ രണ്ടും കണ്ണൂരിൽ മൂന്നും സീറ്റുകൾ യു.ഡി.എഫ്. ഉറപ്പിക്കുന്നു. മാനന്തവാടിയും സുൽത്താൻ ബത്തേരിയുമാണ് കോൺഗ്രസ് ഉറപ്പിക്കുന്നത്. കണ്ണൂർ, ഇരിക്കൂർ, പേരാവൂർ എന്നിവയാണ് കണ്ണൂർ ജില്ലയിലെ ഉറച്ച മണ്ഡലങ്ങൾ. അഴീക്കോടും കൂത്തുപറമ്പും കൂടെനിൽക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. ആലപ്പുഴ ജില്ലയിൽ അഞ്ചുമുതൽ ഏഴുസീറ്റുവരെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മഞ്ചേശ്വരവും കാസർകോടും ഉറപ്പിക്കുമ്പോൾ ഉദുമയിലെ സാധ്യത തള്ളുന്നില്ല.

കോഴിക്കോട്, കൊല്ലം ജില്ലകളിലും അഞ്ചുസീറ്റുവീതമാണ് പ്രതീക്ഷ. കൊയിലാണ്ടി, കുറ്റ്യാടി, വടകര, കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവ ഉറപ്പാണെന്ന് പറയുമ്പോൾത്തന്നെ കോഴിക്കോട് നോർത്തിലെ പ്രതീക്ഷ കൈവിടുന്നില്ല. കൊല്ലം ജില്ലയിൽ കൊല്ലം, ചവറ, കുണ്ടറ എന്നിങ്ങനെയാണ് പ്രതീക്ഷ. മലപ്പുറത്ത് നിലവിലുള്ളതിനുപുറമേ രണ്ടുസീറ്റുകൂടി ലഭിക്കും. പ്രസ്റ്റീജ് മത്സരങ്ങൾ നടക്കുന്ന പാലക്കാടും തൃത്താലയും നിലനിർത്തും.