ബ്ലാക്ക് ഫംഗസ്; കോഴിക്കോട് ആറുപേർകൂടി ആശുപത്രിയിൽ
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ബാധിച്ച ആറുപേർകൂടി കോഴിക്കോട് ചികിത്സയിൽ. തിങ്കളാഴ്ച രോഗം ബാധിച്ച അഞ്ചുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാളെ കോവിഡ് വാർഡിൽനിന്നു രോഗം സ്ഥിരീകരിച്ചും ഇ.എൻ.ടി. വാർഡിലേക്ക് മാറ്റി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 20 ആയി.
ഇ.എൻ.ടി. വിഭാഗത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരെയും കോവിഡ് പോസിറ്റീവായ രോഗികളെയും കിടത്താൻ പ്രത്യേക വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ചികിത്സാമരുന്നിന് ക്ഷാമം നേരിടുകയാണ്. രോഗികളുടെ എണ്ണം 20 ആയി വർധിച്ചതോടെ മരുന്ന് ക്ഷാമം രൂക്ഷമായതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഡൽഹിൽനിന്നുവന്ന കാസർകോട് സ്വദേശിയെയും ഉദയം ചാരിറ്റി ഹോമിൽനിന്നും തൂത്തുക്കുടിയിൽ നിന്നുമെത്തിയ കോഴിക്കോട് സ്വദേശികളെയും മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ രണ്ടുപേരെയുമാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.