ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലെന്ന് കെ.ദാസൻ എം.എൽ.എ


കൊയിലാണ്ടി: ദേശീയപാതാ സ്ഥലം ഏറ്റെടുപ്പിന് 604.90 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. നേരത്ത 525.70 കോടി അനുവദിച്ചിരുന്നു. ഇതോടെ ഇതുവരെയായി ആകെ അനുവദിച്ച തുക 1130 കോടി രൂപയായി.

ദേശീയപാത നിർമ്മാണത്തിൽ സ്ഥലമേറ്റെടുപ്പിൽ നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചത് നഷ്ടപരിഹാര തുകയിൽ 25% കേരളം വഹിക്കണമെന്ന കേന്ദ്ര നിബന്ധന കേരളം അംഗീകരിച്ചതോടെയാണ്. സ്ഥലമേറ്റെടുപ്പ് ഇപ്പോൾ എല്ലായിടത്തും ദ്രുതഗതിയിലാണ് മുന്നേറുന്നത്.

നന്ദി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഉൾപ്പെടുന്ന നിർദ്ദിഷ്ട വെങ്ങളം അഴിയൂർ ദേശീയപാതയിൽ നഷ്ടപരിഹാരം കിട്ടാൻ ബാക്കിയായവർ രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് സമർപ്പിക്കുന്നതോടെ നഷ്ടപരിഹാരം ലഭ്യമായി തുടങ്ങുമെന്ന് കെ.ദാസൻ എംഎൽഎ പറഞ്ഞു.

വെങ്ങളം-അഴിയൂർ (ചെങ്ങോട്ടുകാവ് – നന്തി ബൈപ്പാസ് അടക്കം) പാതയുടെ ടെണ്ടർ നടപടികളിൽ അടുത്ത് തന്നെ അന്തിമ തീർപ്പ് പ്രതീക്ഷിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിനാണ് ടെണ്ടർ ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

മൂരാട്-പാലോളി പാലം പുതുക്കിപ്പണിയുന്നതും ഇടയിലെ 2.5 കിലോമീറ്റർ ദേരീയപാതയുടെ നിർമ്മാണവും സംസ്ഥാന ആവശ്യപ്രകാരം പ്രത്യേകമായി ടെണ്ടർ ചെയ്ത് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊയിലാണ്ടി നഗരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരമായി എല്ലാവരും കാണുന്നത് ദേശീയ പാതയായി ഉയർത്തിയ നന്ദി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണമാണ്.