ബൈക്കിൽ യാത്രചെയ്യവെ പിൻചക്രത്തിൽ ഷാൾ കുടുങ്ങി തെറിച്ച് വീണ് യുവതി മരിച്ചു


കായക്കൊടി: ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്യവെ ഷാൾ പിൻചക്രത്തിൽ കുടുങ്ങി തെറിച്ച്വീണ് യുവതി മരിച്ചു. കായക്കൊടി പാലോളി സ്വദേശി വാഴയിൽ വളപ്പിൽ വിജീഷിന്റെ ഭാര്യ ചന്ദന (23) യാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ തൊട്ടിൽപ്പാലത്തിനടുത്തുള്ള വാളക്കയത്തിൽവെച്ചാണ് അപകടം.

പൈക്കളങ്ങാടി ഇഖ്‌റ ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോകുകയായിരുന്നു. യാത്രയ്ക്കിടെ ചന്ദനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. ഇത് കഴുത്തിൽ മുറുകിയതോടെ യുവതി റോഡിൽ വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചന്ദന കർണാടക ബന്ധിപ്പുർ സ്വദേശിയാണ്. പരേതനായ നാഗരാജനാണ് പിതാവ്. അമ്മ: മഞ്ജുള. സഹോദരി: ജയപ്രദ.