ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകൾ നടപ്പാക്കാൻ സി.പി.എം മത്സരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ അസീസ്


മേപ്പയൂര്‍: ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കാന്‍ സി.പി.എം മത്സരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എഅസീസ്. കോട്ടയം നഗരസഭാ ഭരണം ബി.ജെ.പിയുമായിചേര്‍ന്ന് അട്ടിമറിച്ചതിനെ സി.പി.എം നേതാക്കള്‍ ന്യായീകരിക്കുന്നത് ഇതിനുള്ളതെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല എം.എ സിലബസില്‍ നിന്ന് സംഘപരിവാര്‍ നേതാക്കളെ പൂര്‍ണമായി ഒഴിവാക്കാത്തതും,സി. പി.എം ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഷയങ്ങളില്‍ പലതിലും പ്രതിലോമകരമായ പ്രതികരണങ്ങളാണ് സി.പി.എം നേതാക്കളില്‍ നിന്നുണ്ടാകുന്നത്. നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ മന്ത്രി വാസവന്റെ നിലപാട് ബിജെപിയോട് ചേര്‍ന്നു നില്ക്കുന്നതാണ്. മലബാര്‍ സ്വാതന്ത്രസമര ചരിത്രത്തെ സംഘപരിവാര്‍ വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നത് അവരുടെ ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യ എല്ലാവരുടേതുമാണെന്ന ചരിത്ര സത്യത്തെ വിസ്മൃതിയിലാക്കാന്‍ സംഘപരിവാറിന് സാധിക്കില്ലെന്നും അസീസ് ഓര്‍മ്മിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്കമ്മിറ്റി സംഘടിപ്പിച്ച ‘മലബാര്‍ സ്വാതന്ത്ര്യ സമര ചരിത്രം – തെരുവ് ചര്‍ച്ച ‘യുടെ സമാപനം മേപ്പയ്യൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുല്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി എം.എം അഷ്റഫ്, കെ.എം ലബീബ് അഷ്റഫ്, മുജീബ് കോമത്ത്, വി.മുജീബ്, കെ.എം കുഞ്ഞമ്മദ് മദനി, കെ.കെ റഫീഖ്, ടി.കെ നഹാസ്, ശംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, സത്താര്‍ കീഴരിയൂര്‍, അജ്‌നാസ് കാരയില്‍, ശര്‍മിന കോമത്ത്, ടി.കെ അബ്ദു റഹ്‌മാന്‍, ഫൈസല്‍ ചാവട്ട്, ഹാഷിദ് ചാവട്ട്, എം.കെ ഫസലു റഹ്‌മാന്‍, പി.ടി ഷാഫി, വി.വി നസറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.