പൊതുജനങ്ങള്‍ ശ്രദ്ധിക്കുക, കോഴിക്കോട് ജില്ലയില്‍ നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം


കോഴിക്കോട്: കോവിഡ് വ്യാപനം പ്രതിരോധിക്കാനായി കോഴിക്കോട് ജില്ലയില്‍ ശനി, ഞായര്‍ (ഏപ്രില്‍ 24, 25) ദിവസങ്ങളില്‍ മുഴുവന്‍സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പൂര്‍ണ്ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കൂ.

1. കോവിഡ് പ്രതിരോധം മാനേജ്‌മെന്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ അടിയന്തിര/അവശ്യ സേവനങ്ങള്‍ നല്‍കുന്നതോ ആയ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ മുതലായവ പ്രവര്‍ത്തിക്കണം. അവയിലെ ഉദ്യോഗസ്ഥര്‍ക്ക് യാത്രാനിയന്ത്രണം ഉണ്ടായിരിക്കില്ല.

2. അടിയന്തര/അവശ്യ സേവനങ്ങള്‍ നല്‍കുന്നതും 24\7 പ്രവര്‍ത്തനം ആവശ്യമുള്ളതുമായ വ്യവസായങ്ങള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഇവയിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും.

3. ടെലികോം/ഇന്റര്‍നെറ്റ് സേവന കമ്പനികളുടെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. ഐ.ടി കമ്പനികളിലെ അവശ്യ ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ ജോലിക്ക് എത്താവൂ.
4. അടിയന്തിര വൈദ്യഹായം ആവശ്യമുള്ള രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സിനേഷന്‍ നടത്താന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം. ഇവര്‍ ഐ.ഡി കാര്‍ഡ് കയ്യില്‍ കരുതണം.

5. ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനം, പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മല്‍സ്യം, മാംസം എന്നിവ വില്‍ക്കുന്ന പ്രാദേശിക കടകള്‍ക്ക് കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് മാത്രം പ്രവര്‍ത്തിക്കാം. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

6. റസ്റ്റോറന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായ് പ്രവര്‍ത്തിപ്പിക്കാം.

7. ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍, ബസ് സ്റ്റാന്‍ഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീര്‍ഘദൂര യാത്രികര്‍ക്ക് യാത്രചെയ്യാന്‍ സ്വകാര്യ/ടാക്‌സി വാഹനങ്ങള്‍ എന്നിവ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകള്‍ കയ്യില്‍ കരുതണം.

8. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്ത വിവാഹങ്ങള്‍, ഗൃഹ പ്രവേശം എന്നീ ചടങ്ങുകള്‍ അനുവദിക്കും. ഇവയിലും കൃത്യമായ കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.

9-തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ 10-24ന് നിശ്ചയിചിരിക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.

10. ഏപ്രില്‍ 24 ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു മേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി ആയിരിക്കും.

11. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സര്‍ക്കാര്‍/സ്വകാര്യ) ട്യൂഷന്‍ സെന്ററുകള്‍, സംഗീതം/ഡാന്‍സ് ക്ലാസുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഓണ്‍ലൈനായി മാത്രമേ ക്ലാസുകള്‍ നടത്താന്‍ പാടുള്ളൂ. വേനല്‍ കാല ക്യാമ്പുകളും,പരിശീലന പരിപാടികളും പാടില്ല.

12. സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതെ നമുക്ക് ഒരുമിച്ചു ഈ മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാം.