പൈന്‍മരങ്ങളും, മലനിരകളും; റോക്ക് ക്ലൈമ്പിങ്ങും പാരാഗ്ലൈഡിങ്ങും; ഹില്‍സ്റ്റേഷന്‍ റാണിയായ വാഗമൺ നിങ്ങളെ വിളിക്കുന്നു….
യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്റ്റേഷന്‍ റാണിമാര്‍.
വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി മീനച്ചില്‍ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍ പ്രദേശം. സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ് ഇത്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. ഏഷ്യയുടെ സ്‌കോട്ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈന്‍മരക്കാടുകള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താല്‍ സമ്പന്നമാണ് വാഗമണ്‍. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്.
പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്. കുരിശുമലയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു കന്നുകാലി ഫാം നടത്തുന്നുണ്ട്.
സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്.
എങ്ങനെ എത്തിച്ചേരാം…
വാഗമണിലേയ്ക്ക് പോകുമ്പോള്‍ കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളാണ് ഇവിടങ്ങളിലെല്ലാം മികച്ച താമസസൗകര്യങ്ങളും ലഭ്യമാണ്.