പേരാമ്പ്ര മത്സ്യമാർക്കറ്റ്: ഹൈക്കോടതി ഉത്തരവുമായി കൂടുതൽ തൊഴിലാളികളെത്തി


പേരാമ്പ്ര: തൊഴിൽപ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തേ സംഘർഷങ്ങൾവരെയുണ്ടായ പേരാമ്പ്ര മത്സ്യമാർക്കറ്റിൽ കൂടുതൽ സി.ഐ.ടി.യു. തൊഴിലാളികൾ ഹൈക്കോടതി ഉത്തരവോടെ ജോലിക്കായെത്തി.

ഒമ്പതുപേരാണ് പുതുതായി വെള്ളിയാഴ്ച ജോലിക്കായിവന്നത്. മുമ്പ് പ്രശ്നമുണ്ടായ സമയത്ത് കളക്ടറുടെ സാന്നിധ്യത്തിൽനടന്ന ചർച്ചയ്ക്കുശേഷം മൂന്നു തൊഴിലാളികൾ മത്സ്യവിൽപ്പന നടത്തിയിരുന്നു. തുടർന്ന് മറ്റുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നെന്ന് പുതുതായി എത്തിയ തൊഴിലാളികൾ പറഞ്ഞു.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പേരാമ്പ്ര പോലീസ്, പഞ്ചായത്ത് അധികൃതരെയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളെയും വിളിച്ചുചേർത്തിരുന്നു. ഇതിനുശേഷമാണ് ജോലിക്കായി തൊഴിലാളികൾ വന്നത്. മത്സ്യമാർക്കറ്റിന് സമീപം പോലീസുകാരെ നിയോഗിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

ഓഗസ്റ്റ്‌ 20-നാണ് സി.ഐ.ടി.യു. നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ മാർക്കറ്റിൽ മത്സ്യവിൽപ്പനയ്ക്കായി ആദ്യം പോയത്. എസ്.ടി.യു. തൊഴിലാളികളുടെ നേതൃത്വത്തിൽ മാർക്കറ്റിലുള്ളവർ ഇത് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചു. കോവിഡ് കാലത്ത് മാർക്കറ്റ് പരിസരത്ത് കൂട്ടത്തല്ലുനടന്ന സാഹചര്യത്തിൽ കളക്ടർ ഇടപെട്ട് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഒരു മാസത്തിലേറെ മാർക്കറ്റ് അടച്ചിടുകയും ചെയ്തിരുന്നു.