പേരാമ്പ്ര പഞ്ചായത്തില്‍ രണ്ട് പേരില്‍ ഡെൽറ്റ വകഭേദം കണ്ടെത്തി; പ്രദേശത്ത് കടുത്ത ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേർക്ക് ഡെൽറ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു.
19-ാം വാർഡിലും ഒന്നാം വാർഡിലുമായുള്ള രണ്ടുപേർക്കാണ് വകഭേദംവന്ന വൈറസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവർ നെഗറ്റീവായിക്കഴിഞ്ഞതാണ്.
ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതൽ കോവിഡ് പരിശോധന നടത്തും. പേരാമ്പ്ര സി.കെ.ജി. ഗവ. കോളേജിൽ ജോലിക്കായിവന്ന 14 ഇതരസംസ്ഥാനതൊഴിലാളികൾക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ മണിയൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റി.
ശേഷിച്ച തൊഴിലാളികളെ കോളേജിൽത്തന്നെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. അടുത്തദിവസങ്ങളിൽ സ്ഥലത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും പരിശോധന നടത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. പഞ്ചായത്തിൽ നൂറിലധികംപേർ നിലവിൽ കോവിഡ് പോസിറ്റീവായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്രയിൽ വ്യാഴാഴ്ചമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.