‘പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ ജീവന് വിലയില്ലേ?’; സുരക്ഷയൊരുക്കണമെന്ന് വനംവകുപ്പിനോട് എ.ഐ.ടി.യു.സി


പെരുവണ്ണാമൂഴി: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

കാട്ടാനകള്‍ തോട്ടം നശിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിശാലമായ എസ്റ്റേറ്റിലെ മുഴുവന്‍ പ്രദേശവും നോക്കിസംരക്ഷിക്കാന്‍ പലപ്പോഴും ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന രാത്രികാവല്‍ക്കാരായ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം വനത്തോടുചേര്‍ന്ന ഭാഗത്തുവെച്ച് കടുവ പോത്തിനെ ആക്രമിച്ചു കൊന്ന സംഭവത്തോടെ തൊഴിലാളികള്‍ ഭീതിയിലാണ്.

പുലര്‍ച്ചെ അഞ്ചു മണിക്ക് തോട്ടത്തിലെത്തുന്ന ടാപ്പിംഗ് തൊഴിലാളികളും രാത്രി കാവല്‍ക്കാരുമാണ് എങ്ങിനെ ജോലി ചെയ്യുമെന്നോര്‍ത്ത് കൂടുതല്‍ വിഷമത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാന്റേഷന്‍ സ്ഥാപിച്ചതും വനംവകുപ്പ് സ്ഥാപിച്ചതുമായ സൗരോര്‍ജ വേലികള്‍ കാര്യക്ഷമമാക്കിയും പുതിയവ സ്ഥാപിച്ചും രാത്രി കാവല്‍ക്കാര്‍ക്ക് ആവശ്യമായ രക്ഷോപകരണങ്ങള്‍ നല്‍കിയും വന്യമൃഗ ഭീഷണി തടയാനുള്ള നടപടികള്‍ സ്വീകരിച്ചു തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്ന് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് എ. കെ ചന്ദ്രന്‍ മാസ്റ്റര്‍, ജന.സെക്രട്ടറി കെ. കെ. ഭാസ്‌കരന്‍, സെക്രട്ടറി പ്രേംരാജ്, വി. പി. രാജന്‍, എലിസബത്ത്, പ്രമോദ് എം. കെ. എന്നിവര്‍ സംസാരിച്ചു.