പേരാമ്പ്രയിൽ വണ്ട് ശല്യത്താൽ വീട് ഒഴിയേണ്ടിവന്ന സൈനികന്റെ വീട് ശുചീകരിച്ച് സൈനിക കൂട്ടായ്മ


പേരാമ്പ്ര: മുപ്ലിവണ്ടുകളുടെ ശല്യത്താൽ വീട് മാറേണ്ടി വന്ന സി.ആർ.പി.എഫ്. ജവാന്റെ വീട് ശുചീകരിക്കാൻ രംഗത്തിറങ്ങി സൈനിക കൂട്ടായ്മ. ചെറുവണ്ണൂർ കക്കറമുക്കിലെ മലയിൽ ഷംസുദീന്റെ വീട് ശുചീകരിക്കാനാണ് കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിലെ മുപ്പത്തഞ്ചോളം സന്നദ്ധ പ്രവർത്തകർ എത്തിയത്. ജില്ലയിലെ വിവിധസേനകളിൽ ജോലി ചെയ്യുന്നവരുടെയും വിമുക്ത ഭടൻമാരുടെയും കൂട്ടായ്മയായയാണിത്.

രണ്ട് മാസത്തിലേറെയായി ഷംസുദ്ദീന്റെ വീട്ടിൽ എല്ലായിടത്തും മുപ്ലിവണ്ടുകൾ വന്ന് നിറയുകയാണ്. ഒരിക്കൽ നീക്കംചെയ്താൽ വളരെവേഗം വീണ്ടുംവന്ന് നിറഞ്ഞിരുന്നു. പ്രായമായ ഉപ്പയും ഉമ്മയും ഭാര്യയും ഏഴ് മാസം പ്രായമായ കുട്ടിയുമടങ്ങുന്ന കുടുംബം വണ്ടിന്റെ ശല്യം കാരണം ബന്ധുവീടുകളിലേക്ക് മാറേണ്ടി വന്നിരുന്നു. അടുക്കളയുടെ ഓടിട്ട മേൽക്കൂരയടക്കം പൊളിച്ച് നീക്കേണ്ടിയും വന്നു.

ഈ സാഹചര്യത്തിലണ് വീട് ശുചീകരിക്കാൻ സൈനിക കൂട്ടായ്മ സഹായവുമായി എത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി സരീഷ് ചേവായൂർ, അനിൽ, സരീഷ്, ഫഹദ്, സരിൻ, സ്മിതേഷ്, മഹേഷ്, അർജുൻ എന്നിവരുടെ നേതൃത്വത്തിൽ വീടും പരിസരവും വൃത്തിയാക്കി അണുനാശിനി തളിച്ചു. ചെറുവണ്ണൂർ കൃഷി ഓഫീസർ ചുമതലയുള്ള എസ്.ഡി. അമൽ, ചെറുവണ്ണൂർ പഞ്ചായത്ത് സെക്ടറൽ മജിസ്‌ടേറ്റ് ഷിബു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.