പേരാമ്പ്രയിൽ മദ്യവിൽപ്പന വീണ്ടും കുതിച്ചുയർന്നു; കഴിഞ്ഞ ദിവസം വിറ്റത് ഒരു കോടിയിലധികം രുപയുടെ മദ്യം


പേരാമ്പ്ര: നഗരത്തിലെ ബിവറേജ് കോർപ്പറേഷന്റെ മദ്യഷോപ്പിൽ മദ്യവിൽപ്പന വീണ്ടും കുതിച്ചുയർന്നു. 23-ന് വെള്ളിയാഴ്ച 1,11,93,870 രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. 16-ന് വെള്ളിയാഴ്ചയും വിൽപ്പന ഒരു കോടി കവിഞ്ഞിരുന്നു. 1,05,36,340 രൂപയുടെ മദ്യമാണ് 16-ന് വിൽപ്പന നടത്തിയത്. കോവിഡ് നിയന്ത്രണം കാരണം ജില്ലയിൽ ബിവറേജ് കോർപ്പറേഷന്റെ 11 ഷോപ്പുകളിൽ മറ്റെല്ലാ മദ്യവിൽപ്പനഷോപ്പുകളും താത്‌കാലികമായി അടച്ചിടേണ്ടിവന്നതിനാലാണ് പേരാമ്പ്രയിൽ വലിയ വിൽപ്പന നടന്നത്.

മദ്യം വാങ്ങാനായി മറ്റുള്ള സ്ഥലങ്ങളിൽനിന്നെല്ലാം പേരാമ്പ്രയിലേക്ക് ആളുകൾ എത്തുകയാണ്. ശനിയും ഞായറും ലോക് ഡൗണിൽ കട അടച്ചിടുന്നതിനാൽ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് തിരക്ക് കൂടുതൽ. നിയന്ത്രണങ്ങൾക്കുമുമ്പ് 20 മുതൽ 25 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന ഷോപ്പാണ് പേരാമ്പ്രയിലേത്. സി, ഡി. കാറ്റഗറിയിലെ മറ്റു മദ്യക്കടകളെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. മറ്റിടങ്ങളിലെ ജീവനക്കാരെക്കൂടി അധികമായി നിയോഗിച്ചാണ് തിരക്കിനിടയിൽ വിൽപ്പന നടത്താൻ സംവിധാനമുണ്ടാക്കിയത്. ഇപ്പോൾ 25 ജീവനക്കാരുണ്ട്.

ഒരു കൗണ്ടർ അധികമായി തുറക്കുകയുംചെയ്തു. ജൂലായ് അഞ്ചുമുതൽ തിരുവമ്പാടിയിലെയും പേരാമ്പ്രയിലെയും ബിവറേജ് മദ്യവിൽപ്പനഷോപ്പുകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചിരുന്നത്. 15 മുതൽ തിരുവമ്പാടിയും അടച്ചതോടെ പേരാമ്പ്ര മാത്രമായി. പിന്നീട് 70 ലക്ഷത്തിനുമുകളിൽ മദ്യവിൽപ്പന പേരാമ്പ്രയിൽ നടന്നിട്ടുണ്ട്.