പേരാമ്പ്രയിൽ ഇബ്രാഹിംകുട്ടിക്കെതിരെ കടുത്ത പ്രതിഷേധം; പുനരാലോചനയ്‌ക്കൊരുങ്ങി ലീഗ് നേതൃത്വം
കോഴിക്കോട്: ഇത്തവണ അധികമായി ലഭിച്ച പേരാമ്പ്ര സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം. കഴിഞ്ഞ ദിവസം 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് ഹൈദരി തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രഖ്യാപനം മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പേരാമ്പ്ര. പ്രവാസി വ്യവസായിയായ സിഎച്ച് ഇബ്രായിക്കുട്ടിയെ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ നീക്കത്തിനെതിരെ വലിയ എതിര്‍പ്പാണ് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നത്. പ്രതിഷേധം മറികടന്ന് സിഎച്ച് ഇബ്രായിക്കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഉള്‍പ്പടേയുള്ള കടുത്ത നടപടി കളിലേക്ക് പോവാനാണ് നീക്കം. ഇന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലും ഇത്തരമൊരു നീക്കം ചര്‍ച്ചാ വിഷയമായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ മണ്ഡലം കമ്മറ്റിയും മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെക്രട്ടറിമാരും രാജിവെച്ച് ഒഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാദേശിക നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയില്ല. സിഎച്ച് ഇബ്രാഹീം കുട്ടിക്ക് യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു.
ഇടതുപക്ഷ സഹയാത്രികനായ ഇയാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്റെ വിജയത്തിനായാണ് സ്ഥാനാര്‍ത്ഥിയാവുന്നതെന്ന കടുത്ത ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തില്‍ നിന്നുള്ള നേതാക്കള്‍ പാണക്കാട്ട് നേരിട്ടെത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് അവസാന നിമിഷം പേരാമ്പ്രയിലെ പ്രഖ്യാപനം മുസ്ലിം ലീഗ് മാറ്റിവെച്ചത്.
സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നേതൃത്വം പുനഃരാലോചന നടത്തിയേക്കുമെന്നാണ് സൂചന. സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുകയാണെങ്കില്‍ പരിഗണിക്കാനായി മണ്ഡലം കമ്മറ്റി മേല്‍ഘടങ്ങള്‍ക്ക് നല്‍കിയ പട്ടികയില്‍ ഒരിടത്തും ഇബ്രാഹീം കുട്ടിയുടെ പേരുണ്ടായിരുന്നില്ല.
സിപിഎ. അസീസ്, ടി.ടി.ഇസ്മയില്‍, മിസ്ഹബ് കീഴരിയൂര്‍, എ.വി. അബ്ദുള്ളഹാജി തുടങ്ങിയവരുടെ പേരുകളായിരുന്നു മണ്ഡലം കമ്മറ്റികള്‍ നല്‍കിയത്.
ഈ പേരുകള്‍ തള്ളിക്കൊണ്ടാണ് ഇബ്രാഹീം കുട്ടിയെ പരിഗണിക്കാനുള്ള നീക്കം ഉണ്ടായത്. അതേസമയം സീറ്റ് ലീഗിന് നല്‍കിയതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.