പേരാമ്പ്രയിലെ കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാക്കക്കുനിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ സര്‍വ്വെ നടപടികള്‍ ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കാക്കക്കുനിയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ സര്‍വെ ആരംഭിച്ചു. നാല് ഏക്കര്‍ വിസ്തൃതിയുള്ള കാക്കക്കുനിയില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള സര്‍വെ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്.പാടശേഖരത്തിന് നടുവിലുള്ള കാക്കക്കുനിയില്‍ സ്റ്റേഡിയം വരുന്നതോടെ പ്രദേശത്തിന്റെ വികസനം സാധ്യമാകും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ എഞ്ചിനീയര്‍ എജിമേഷ്, സീനിയര്‍ സര്‍വെയര്‍ ഒ പി ഗിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വെ നടത്തുന്നത്. കാക്കക്കുനിയും തൊട്ടടുത്ത മരക്കാടി തോട് എന്നിവയാണ് സർവെ ചെയ്യുന്നത്. സര്‍വ്വേയ്ക്ക് ശേഷം പ്രൊജക്ട് റിപ്പോര്‍ട്ട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറും.
യുഎല്‍ സി സി തയ്യാറാക്കുന്ന വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് നബാര്‍ഡ് ആര്‍ ഐ ഡി എഫിനും സംസ്ഥാന കായിക വികസന വകുപ്പിനും കൈമാറി അംഗീകാരവും ഫണ്ടും നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷ്‌റഫ്,പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ആര്‍ നിമല്‍, ടി കെ അമ്മത്, കെ ബാലന്‍, കെ ദിലീപ് കുമാര്‍, ജി പി സുരേഷ്, കെ വരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.