പെരുവണ്ണാമൂഴിയിൽ വീട്ടിൽ വനപാലകരുടെ പരിശോധന; പിടിച്ചെടുത്തത് പെരുമ്പാമ്പിന്റെ നെയ്യും നാടൻ തോക്കുകളും


പേരാമ്പ്ര: നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യുമായി പിടിയിൽ. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ തടിക്കാട് ജോൺസന്റെ (52) വീട്ടിൽനിന്നാണ് രണ്ട് നാടൻതോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടിച്ചെടുത്തത്. അറസ്റ്റിലായ ജോൺസനെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു.

പത്തുവർഷംമുമ്പ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് നെയ്യെന്നാണ് ജോൺസന്റെ മൊഴിയെന്ന് വനപാലകർ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റോറൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകൾ.

പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഷാജീവ്, സെക്‌ഷൻ ഓഫസർമാരായ കെ.ടി.ലത്തീഫ്, പി.ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.വി.ബിനീഷ് കുമാർ, എം.ദേവനന്ദൻ, എച്ച്.ഹെന്ന, ഫോറസ്റ്റ് വാച്ചർ പി.രവീന്ദ്രൻ, ഡ്രൈവർ കെ.കെ.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.