പൂഴിത്തോട് ആലമ്പാറയില്‍ കാട്ടാന ശല്യം രൂക്ഷം
പേരാമ്പ്ര: പൂഴിത്തോട് ആലമ്പാറയില്‍ കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കുബ്ലാനി തങ്കച്ചന്, കുബ്ലാനി മാത്യു, മണികൊമ്പേല്‍ സെബാസ്റ്റ്യന്‍, ആലമ്പാറ ആദിവാസി കോളനിയിലെ ജാനു, കുമാരന് എന്നിവരുടെ പറമ്പിലെ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. പൂഴിത്തോട് മേഖലയില്‍ ഈയിടെയായി കാട്ടാന ശല്യം രൂക്ഷമാണ്. വനത്തില്‍ നിന്ന് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ രണ്ടു വര്‍ഷം മുമ്പ് പൂഴിത്തോട് പ്രദേശത്ത് വനം വകുപ്പ് ഏഴ് വാച്ചര്‍മാരെ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല.
10 കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കിലോമീറ്റര്‍ വീതം ഫെന്‍സിങ് പരിപാലിക്കാന്‍ അഞ്ച് വാച്ചര്മാരുണ്ടായിരുന്നെങ്കിലും ഫണ്ടില്ലെന്ന പേരില്‍ ഇവരെയും പിന്‍വലിച്ചിരിക്കയാണ്. വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരുടെ കൃഷിയിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസിനു മുമ്പില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്മാന് സി കെ ശശി കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.