പുഴയും കാടും ചുംബിക്കുന്ന ഒരിടം; ജാനകിക്കാടിന്റെ മനോഹാരിതയിലേക്ക് ഒരു യാത്ര



വേനല്‍ക്കാലത്തും സമൃദ്ധമായി ഒഴുകുന്ന പുഴ ഒരുവശത്തും, സമൃദ്ധമായ പച്ചപ്പ് മറുവശത്ത് ഇത് രണ്ടും ചേര്‍ന്നാല്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള ജാനകിക്കാടായി. കാട്ടിലൂടെയുള്ള യാത്ര അത് ഒരു അനുഭവം തന്നെയാണ്. കുറ്റ്യാടിപ്പുഴ പെറ്റിട്ട കാടിന്റെ തണിപ്പുലേക്കാണ് ഈ യാത്ര.

കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 54 കിലോമീറ്റര്‍ അകലെ മരുതോങ്കര എന്ന ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. വനമൃഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് കാടിന്റെ ഭംഗി മനോഹരമായി ആസ്വദിക്കാന്‍ സാധിക്കും. കോഴിക്കോട് നിന്ന് പേരാമ്പ്ര – കടിയങ്ങാട് – പാലേരി റൂട്ടില്‍ ജാനകിക്കാട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. പാലേരി മാണിക്യം എന്ന സിനിമയിലൂടെ സുപരിചിതമായ പാലേരിയില്‍ നിന്ന് വെറും അഞ്ച് കിലോമീറ്ററേ ഈ ജാനകിക്കാടിലേക്ക് ഉള്ളൂ. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ ചവറമ്മുഴി പാലം കടന്നാല്‍ ഇടത് വശത്ത് ഒരു കുറ്റന്‍ ചിതല്‍പ്പുറ്റ് കാണാം ഇതാണ് ജാനകിക്കാടിലേക്കുള്ള പ്രവേശന കവാടം. ടിക്കറ്റ് എടുത്താല്‍ കാട്ടിലേക്ക് പ്രവേശിക്കാം.

കല്ല് പാകിയ വഴിയിലൂടെ ഏകദേശം ഒന്നരകിലോ മീറ്റര്‍ ദൂരം നടക്കാനുണ്ട്. പലഭാഗങ്ങളിലും കാടിന്റെ മനോഹാരിത ഒപ്പിയെടുക്കാന്‍ ഇരിപ്പിടങ്ങളുണ്ട്. 131 ഹെക്ടര്‍ ആണ്‌ കാടിന്റെ വിസ്തൃതി. മുൻ കേന്ദ്രമന്ത്രി വി.കെ കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകി അമ്മയുടെ പേരിലുള്ളഎസ്റ്റേറ്റായിരുന്നു ഇത്. അങ്ങനെയാണ് ജാനകിക്കാട് എന്ന പേര് വന്നത്. കാലങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ ഭൂമി സർക്കാറിന്റേതായി. 2008 ലാണ് ഇവിടം ഇക്കോ ടൂറിസം സെന്റർ ആയി പ്രഖ്യാപിക്കുന്നത്. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന ഇടമാണ്. വന്യജീവികൾ ഇല്ല എന്നതാണ് ഈ കാടിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പേടിക്കൂടാതെ സഞ്ചാരികൾക്ക് കാടിന്റെ ഭംഗി ആസ്വദിക്കാം.

‘മരുത്, വെൺതേക്ക്, ഇരൂൾ തുടങ്ങിയവയാണ് ഇവിടെ കൂടുതൽ കാണുന്ന മരങ്ങൾ. ഇതിൽ വെൺതേക്ക് ‘കാട്ടിലെ നഗ്നസുന്ദരി’ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ തൊലി അടർന്ന് കഴിഞ്ഞാൽ പിന്നെ വെളുത്ത നിറമാണ് തടിയ്ക്ക്. 77 തരം പക്ഷികളെയും 120 ഇനം പൂമ്പാറ്റകളും ഇവിടെയുണ്ട്.

സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യവും, ഒരു ദിവസത്തെ ഉല്ലാസയാത്രയുമായി ജാനകിക്കാട് തെരഞ്ഞെടുക്കാവുന്നതാണ്. അവധി ദിനങ്ങളെ മനോഹരമാക്കാന്‍ ജാനകിക്കാട്ടിലേക്ക് ഒരു യാത്ര പോകാം.