പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: പുതിയ കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാൽ തന്നെ വിഷയം യോഗത്തിൽ വലിയ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന.
കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.
അതേസമയം സംസ്ഥാനത്തെ കൊവിഡ് രൂക്ഷത തീവ്രമായി തുടരുകയാണ്. ഇന്നലെ 19,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നലത്തെ രോഗ ബാധയേറ്റവരുടെ കണക്ക്.
1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. 187 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയിട്ടുണ്ട്.