പുതിയ അധ്യയന വർഷത്തെ ഓൺലൈൻ ക്ലാസിന്‌ ജില്ല ഒരുങ്ങി;
ജൂൺ ഒന്നിന്‌ ഓൺലൈനിൽ വരവേൽപ്പ്‌


കോഴിക്കോട്‌: പുതിയ അധ്യയന വർഷത്തെ ഓൺലൈൻ ക്ലാസുകൾക്കായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു. തിങ്കളാഴ്‌ച മുതൽ അധ്യാപകർക്കുള്ള പ്രാഥമികഘട്ട പരിശീലനം ആരംഭിച്ചു. ജില്ലാ റിസോഴ്‌സ്‌ ഗ്രൂപ്പുകൾക്കാണ്‌ ഇതിന്റെ ചുമതല. കോവിഡ്‌ തീവ്ര വ്യാപനത്തെ തുടർന്നാണ്‌ സ്‌കൂൾ പഠനം ഓൺലൈനിലേക്ക്‌ മാറിയത്‌.

ക്ലാസുകൾ ആരംഭിച്ച്‌ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ കഴിഞ്ഞ അധ്യയന വർഷത്തെ പഠനവിടവ്‌ നികത്തുന്ന പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം നൽകും. വിദ്യാർഥികളുടെ നിലവാരവും പരിശോധിക്കും. അതിനുശേഷമാകും പാഠപുസ്‌തകങ്ങളിലെ പഠനം.

കുട്ടികളുടെ ഇതുവരെയുള്ള പഠനരേഖ അതാത്‌ അധ്യാപകർ തയ്യാറാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്‌. പുതിയ ക്ലാസിലെത്തുമ്പോൾ ഇവ കൈമാറണം.
അതോടൊപ്പം ഓൺലൈൻ പഠനത്തിനായുള്ള പഠന സാമഗ്രികൾ കൈവശമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി സഹായമെത്തിക്കാനും തീരുമാനമുണ്ട്‌. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്ന അധ്യാപക കൂട്ടായ്‌മകൾ വഴിയും സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തും.

31 നകം എല്ലാവർക്കും പഠനസൗകര്യം ഒരുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
ജില്ലാ തലത്തിലെ ഓൺലൈൻ വരവേൽപ്പ്‌ ജൂൺ ഒന്നിന്‌ നടക്കും. ഇതിന്റെ ഭാഗമായി ഓരോ സ്‌കൂളിലും പുതുതായി ചേർന്ന വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഓൺലൈൻ യോഗങ്ങൾ ചേരും. ഗൂഗിൾ മീറ്റ്‌ വഴിയായിരിക്കും ഇത്‌. വിദ്യാലയങ്ങളെയും പഠനരീതികളെയും പഠന പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുക, വിദ്യാർഥികളുടെ പഠന നിലവാരം ചോദിച്ചറിയുക, ഇവരുടെ ഇഷ്ടമേഖലകൾ കണ്ടെത്തുക തുടങ്ങിയവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു.

കുട്ടികളെ നേരിട്ടറിയാൻ അധ്യാപകർ
നിലവിലെ അധ്യയന വർഷത്തെ വിദ്യാർഥികളുടെ പഠന നിലവാരം അറിയാനും പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാനും അധ്യാപകർ കുട്ടികളുടെ അരികിലെത്തും. ഫോൺവഴിയും നേരിട്ടെത്തിയും കുട്ടികളുമായി സംവദിക്കും. നിലവിലെ അധ്യയന വർഷത്തെ രീതികൾ, മാനസിക സമ്മർദങ്ങൾ, മാറ്റം വരുത്തേണ്ട പഠന പ്രവർത്തനങ്ങൾ തുടങ്ങിയവ ചോദിച്ച്‌ മനസ്സിലാക്കും.